'ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചെന്ന തമാശ കുറേയായി കേൾക്കുന്നു, ഞാൻ എന്താണെന്ന് ജനത്തിനറിയാം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ
|സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർക്ക് താൽപര്യമുണ്ടായിരുന്നെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം
തിരുവനന്തപുരം: സോളാർ കേസിൽ തനിക്കെതിരെ ദല്ലാൾ ടി.ജി നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'മുഖ്യമന്ത്രി പദത്തിന് വേണ്ടി ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചു എന്ന തമാശ കുറേയായി കേൾക്കുന്നു. അത് തമാശയായി തന്നെ നിലനിൽക്കട്ടെ. അതിനെ ഗൗരമായി കാണുന്നില്ല. ഞാൻ എന്താണെന്ന് എനിക്കും അറിയാം, ജനത്തിനുമറിയാം'. തിരുവഞ്ചൂർ പറഞ്ഞു.
സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർക്ക് താൽപര്യമുണ്ടായിരുന്നെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
'പഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന കെ.സി ജോസഫ് പറഞ്ഞതിനെ ഗൗരവം കുറച്ച് കാണുന്നില്ല. പാർട്ടിയുടെഅച്ചടക്ക സമിതി ചെയർമാനാണ് താൻ. അതിനുള്ള മറുപടി ഈ രൂപത്തിലല്ല പറയേണ്ടത്. അത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി എന്ത് നടപടി എടുക്കുമെന്ന് നോക്കട്ടെ. ഇല്ലെങ്കിൽ മറുപടി പറയാം'. പാർട്ടിയെ ക്ഷീണിപ്പിക്കാൻ ശത്രുക്കൾക്ക് വടി ഇട്ട് കൊടുക്കാൻ തയ്യാറല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.