'ഗ്ലിസറിൻ ഉപയോഗിച്ചാണ് വീണാ ജോർജ് കരഞ്ഞത്, അത് കഴുതക്കണ്ണീരായിരുന്നു'; അധിക്ഷേപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
|വീണാ ജോർജ് നാണം കെട്ടവളാണെന്ന് നാട്ടകം സുരേഷ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്ലിസറിൻ ഉപയോഗിച്ചാണ് വീണാ ജോർജ് കരഞ്ഞതെന്നും അത് കഴുതക്കണ്ണീരായിരുന്നുവെന്നും തിരുവഞ്ചൂർ തുറന്നടിച്ചു. സങ്കടമുണ്ടായിരുന്നെങ്കിൽ സ്വന്തം നിലപാട് തിരുത്തിപ്പറയില്ലേയെന്നും തിരുവഞ്ചൂർ ചോദിച്ചു. ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ വീണാ ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.
വീണാ ജോർജിനെതിരെ അധിക്ഷേപകരമായ പരാമർശവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്തെത്തി. വീണാ ജോർജ് നാണം കെട്ടവളാണെന്നായിരുന്നു നാട്ടകം സുരേഷിന്റെ പരാമർശം. ഡി.സി.സിയുടെ എസ്.പി ഓഫീസ് മാർച്ചിലാണ് നാട്ടകം സുരേഷിന്റെ പ്രതികരണം. ''ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''- ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ വീണാ ജോർജ് പ്രതികരിച്ചതിങ്ങനെയാണ്. മന്ത്രിയുടെ ഈ പരാമർശം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ തന്റെ വാക്കുകൾ ദുർവ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദനദാസ് (22) ആണ് പൊലീസ് മെഡിക്കൽ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്നു. അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്കാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതി നെടുമ്പനയിലെ യു.പി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്കും കുത്തേറ്റു.