'പുള്ളാവൂർക്കാരുടെ അഭിമാനപ്രശ്‌നമാണിത്'; പുഴയിൽ നിന്ന് കട്ടൗട്ട് മാറ്റില്ലെന്ന് ആരാധകർ
|അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചെറുപുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിൽ പരാതി നൽകിയത്
കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ട് മാറ്റില്ലെന്ന് ആരാധകർ. പുള്ളാവൂർക്കാരുടെ അഭിമാനപ്രശാനമായി സംഭവം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പോലെയല്ല, പുഴയിൽ നിന്ന് കട്ടൗട്ട് മാറ്റേണ്ടതില്ലെന്ന നിലപാടാണ് അധികൃതർക്കുള്ളതെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയമറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്ന് പഞ്ചായത്ത്. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂറാണ് ഈ കാര്യം വ്യക്തമാക്കിയത്. 'ഒരു വക്കീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് ഒന്നും നൽകിയിട്ടില്ല', ഗഫൂർ പറഞ്ഞു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചെറുപുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിൽ പരാതി നൽകിയത്. പുഴയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടസപ്പെടുത്തുന്നുവെന്നും വനം വകുപ്പ് നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും വ്യക്തമാക്കി.
ഖത്തർ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയിലായിരുന്നു സംഭവം. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.
കട്ടൗട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീൽ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമൻ നെയ്മർ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ പുഴയിൽ തൊട്ടരികെ സ്ഥാപിച്ചത്. എന്നാൽ, കളിയാവേശത്തിനിടെയുള്ള പഞ്ചായത്തിന്റെ ഇടപെടൽ തീർത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് ആരാധകർ പറയുന്നത്. ലോകം മൊത്തം ഏറ്റെടുത്തതായിരുന്നു ഇത്. നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അർജന്റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു. ലോകശ്രദ്ധ നേടിയ കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്.