Kerala
This is how Muneer extorted money from the father of a five-year-old girl in Aluva
Kerala

എ.ടി.എം ഉപയോഗിക്കാൻ അറിയാത്തത് മുതലെടുത്തു; ആലുവയിൽ അഞ്ചുവയസുകാരിയുടെ അച്ഛനിൽനിന്ന് പണം തട്ടിയത് ഇങ്ങനെ...

Web Desk
|
16 Nov 2023 2:05 PM GMT

ആഗസ്ത് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇവരുടെ ഭർത്താവ് മുനീർ പെൺകുട്ടിയുടെ കുടുംബത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയതിനെ തുടർന്നാണ് നടപടി.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70,000 രൂപ ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ, നൽകാനുള്ള തുക തിരികെ നൽകി മുനീർ തലയൂരി.

Similar Posts