Kerala
Note ban, Kerala Tourism, Troll, 2000 രൂപാ നോട്ട്, കേരള ടൂറിസം, ട്രോള്‍
Kerala

'ഈ ചിപ്പ് പിന്‍വലിക്കില്ല'; 2000 നോട്ട് നിരോധനത്തിനെ ട്രോളി കേരള ടൂറിസം വകുപ്പ്

Web Desk
|
21 May 2023 2:02 AM GMT

2000 രൂപ നോട്ട് പിന്‍വലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസം വകുപ്പും രംഗത്തെത്തിയത്

രാജ്യത്ത് 2000 രൂപാ നോട്ടുകളുടെ വിനിമയം പിന്‍വലിച്ചതിനെ ട്രോളി കേരള ടൂറിസം വകുപ്പിന്‍റെ ഔദ്യോഗിക പേജ്. 2000 രൂപാ നോട്ടില്‍ ചിപ്പും ജി.പി.എസുമുണ്ടെന്ന ബിജെപി നേതാക്കളുടെ നേരത്തെയുള്ള അവകാശവാദങ്ങളെ ട്രോളിയാണ് കേരള ടൂറിസം വകുപ്പ് രംഗത്തുവന്നത്. ഈ ചിപ്പ്(ഉപ്പേരി) പിന്‍വലിക്കില്ലെന്ന തലക്കെട്ടില്‍ കഴിക്കുന്ന ചിപ്പ്സിന്‍റെ ഒരു പ്ലേറ്റ് ചിത്രമാണ് ടൂറിസം വകുപ്പ് പോസ്റ്റ് ചെയ്തത്. നോട്ടുനിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസം വകുപ്പും രംഗത്തെത്തിയത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് ഏറ്റെടുത്ത സോഷ്യല്‍ മീഡിയ പരിഹാസവും ട്രോളും ചേര്‍ത്ത കമന്‍റുകളോടെയാണ് വരവേറ്റത്. 'എന്തോ കുത്തി പറയുന്ന പോലെ' എന്നും 'സംഘം ഉപ്പേരി നിരോധിക്കുവോ' എന്നും കമന്‍റ് ചെയ്തവരുണ്ട്. മോദിയുടെ ഗിഫ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ചിലര്‍ തങ്ങളുടെ പരിഹാസം അറിയിച്ചിട്ടുണ്ട്.

അതിനിടെ 2000 നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശം നല്‍കി. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

Similar Posts