Kerala
Thrissur pooram kudamattom held with colorful sights
Kerala

കൃഷ്ണനും കാളിയും മുതൽ മെസ്സി വരെ: കുടമാറ്റത്തിൽ അലിഞ്ഞ് തേക്കിൻകാട്

Web Desk
|
30 April 2023 4:01 PM GMT

നാളെ പുലർച്ചെ നടക്കുന്ന വെടിക്കെട്ടാണ് ഇനിയുള്ള പ്രധാന പരിപാടി

തൃശൂർ: കുട മാറ്റത്തിന്റെ വർണ വിസ്മയത്തിൽ അലിഞ്ഞ് തൃശൂർ പൂരം. പകൽ സമയത്തെ ചടങ്ങുകൾ പൂർത്തിയാക്കി. പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടന്നത്. നാളെ പുലർച്ചെ നടക്കുന്ന വെടിക്കെട്ടാണ് ഇനിയുള്ള പ്രധാന പരിപാടി.

മത്സര ബുദ്ധിയോടെ പാറമേക്കാവും തിരുവമ്പാടിയും പല വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള മാറ്റുമ്പോൾ ആവേശത്തിമിർപ്പിൽ മൈതാനം അലയടിച്ചു. കൃഷ്ണനും കാളിയും പാർവതിയും ഗണപതിയും മുതൽ മെസ്സി വരെയാണ് കുടമാറ്റത്തിൽ അണിനിരന്നത്. ഒരു മണിക്കൂറിലധികം നീണ്ട വർണക്കാഴ്ചയിൽ എല്ലാ വർഷത്തെയും പോലെ തന്നെ ഇത്തവണയും വെറൈറ്റി കുടകളൊരുക്കാൻ മത്സരമായിരുന്നു പാറമേക്കാവും തിരുവമ്പാടിയും.

ആലവട്ടവും വെഞ്ചാമരവുമായി ആദ്യം വരവറിയിച്ചത് പാറമേക്കാവ് ഭഗവതിയായിരുന്നു. തുടർന്ന് ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയുമായി തിരുവമ്പാടിയുടെ വരവറിയിക്കൽ. ആദ്യം സ്പെഷ്യൽ കുട അവതരിപ്പിച്ചത് പാറമേക്കാവായിരുന്നു. കരിങ്കാളിയും തൃശ്ശൂരുകാരുടെ സ്വന്തം പുലികളിയും, തെയ്യവും, എൽ ഇ ഡി കണ്ണനും , ശിവനുമടക്കം 10 പാറമേക്കാവ് സ്പെഷ്യലുകൾ. പാറമേക്കാവ് ഗജവീരന്മാരെ നിരത്തുന്ന കോർപറേഷൻ ഭാഗംവരെ 7 തവണ വർണ കുടകൾ വിടർത്തി

പാറമേക്കാവിന്റെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച ശേഷമായിരുന്നു തിരുവമ്പാടി അവരുടെ വജ്രായുദ്ധം പുറത്തെടുത്തത്- അർജന്റിനയുടെ സ്വന്തം മിശിഹ. മെസ്സിയുടെ കുടയോടെ കുടമാറ്റത്തിന് പരിസമാപ്തിയായി. മെസിയെ കൂടാതെ ഭദ്രകാളിയും , ശിവനും, അർദ്ധനാരീശ്വരനും തിരുവമ്പാടിയുടെ സ്‌പെഷ്യലുകളായി.

പുലർച്ചെ കണിമംഗലം ശാസ്താവ് എത്തിയതോടെയാണ് പൂരം ആവേശത്തിലേക്ക് കടന്നത്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ചുമലിലേറി വന്നത് ആവേശകാഴ്ചയായി.

കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറയിലെ കന്നി മേള പ്രമാണിത്വം ആഘോഷമാക്കി. പാണ്ടിയിൽ മേൽപ്പെരുക്കം തീർത്തപ്പോൾ ആരാധകർ അതിൽ അലിഞ്ഞു. 2.30ഓടെയാണ് മേളം ആരംഭിച്ചത്. മേളത്തിന് ശേഷമായിരുന്നു പ്രസിദ്ധമായ തെക്കോട്ടിറക്കം. വിദേശികളടക്കം വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഒഴുകുന്ന കാഴ്ചയ്ക്കാണ് പൂരനഗരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരക്കിനെ കടത്തി വെട്ടിയാണ് ഇത്തവണത്തെ തിരക്ക്. ഉച്ചയ്ക്ക് ശേഷം വലിയ രീതിയിലാണ് തിരക്ക് വർധിച്ചത്.

Similar Posts