Kerala
Thomas supports brother Jaick C. Thomas in unlawful property acquisition controversy, Thomas C. Thomas supports brother Jaick C. Thomas, Jaick C. Thomas controversy, Jaick C. Thomas brother, Jaick C. Thomas illegal property, Puthuppally by election, Puthuppally bypoll

ജെയ്ക്ക് കുടുംബത്തോടൊപ്പം സഹോദരന്‍ തോമസിന്‍റെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങില്‍

Kerala

'ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവിന് 100 വയസ്സിനുമേലെ പ്രായമുണ്ടാകുമായിരുന്നു'; ജെയ്ക്കിനു പിന്തുണയുമായി സഹോദരൻ

Web Desk
|
18 Aug 2023 2:12 PM GMT

''പിതാവിന്റെ മാതാവും പിതാവും അയ്മനത്തെ വീട് വിറ്റ് 1930കളിൽ മണർക്കാട്ട് സ്ഥലം വാങ്ങി. സ്വാതന്ത്ര്യത്തിനുമുൻപ് അച്ഛൻ കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു. പിന്നീട് മണർകാട്ട് സ്വന്തമായി ചെരിപ്പു കമ്പനിയും തുടങ്ങി.''

കോട്ടയം: ജെയ്ക്ക് സി. തോമസിന്റെ സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സഹോദരൻ തോമസ് സി. തോമസ്. ദേശീയപാതയോരത്തെ ഭൂമിക്കു വിലകൂടുക സ്വാഭാവികമാണെന്നും ഇക്കാര്യം നാട്ടിലെ കോൺഗ്രസുകാർക്ക് ഉൾപ്പെടെ അറിയുന്നതാണെന്നും തോമസ് പറഞ്ഞു. പിതാവിന്റെ പ്രായവുമായി വയസ്സുമായി ബന്ധപ്പെട്ട് ജെയ്ക്ക് പറഞ്ഞതിൽ തെറ്റായി ഒന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവാദത്തിലേക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും തോമസ് ആവശ്യപ്പെട്ടു.

ജീവിച്ചിരിപ്പുണ്ടെങ്കിൽ പിതാവിന് ഇപ്പോൾ 100 വയസ്സിനുമേലെ പ്രായം ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2011ൽ മരിക്കുമ്പോൾ 89 വയസ്സായിരുന്നു പ്രായം. അച്ഛൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അച്ഛൻ വിവാഹം കഴിച്ചതെന്നും തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

''പിതാവിന്റെ മാതാവും പിതാവും അയ്മനത്തെ വീട് വിറ്റ് 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി. സ്വാതന്ത്ര്യത്തിനുമുൻപ് അദ്ദേഹം കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു. പിന്നീട് മണർകാട്ട് സ്വന്തമായി ചെരിപ്പു കമ്പനിയും തുടങ്ങി. 2005ൽ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബിസിനസ് അവസാനിപ്പിച്ചു. പിന്നീട് ഞാൻ 2010ൽ അടച്ചുപോയ കട തുറന്നുനടത്താൻ ആരംഭിച്ചു. ജെയ്ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നത്.''

2019ൽ ജെയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണർകാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവാടിന്റെ മുന്നിലായി ബാങ്ക് ലോൺ എടുത്തു വീടുവച്ചുമാറി. അതിനുമുൻപുതന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കൾക്കുമായി അമ്മ പകുത്തുതന്നു. ഇപ്പോൾ അമ്മയും ജെയ്ക്കും ഗീതുവും തറവാട്ടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സോടെ ഒരുമയോടെ ജീവിക്കുന്നു. ദേശീയപാതയോരത്തുള്ള ഭൂമിക്കു വിലകൂടുക സ്വാഭാവികമാണ്. ഇതൊക്കെ ഈ നാട്ടിലെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർക്ക് അറിയാവുന്ന കാര്യവുമാണെന്നും തോമസ് സി. തോമസ് ചൂണ്ടിക്കാട്ടി.

തോമസ് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയരേ

ഞാൻ ഒരു സജീവ രാഷ്ട്രീയപ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽപെട്ട ആളുകളെയും ബഹുമാനിക്കുന്ന, സ്‌നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ ജെയ്ക്ക് സി. തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജെയ്ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെയുള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്ക്ക് ഉൾപ്പെടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച്?

ജീവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ പിതാവിന് ഇപ്പോൾ 100 വയസ്സിനുമേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011ൽ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകിയാണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിനു നിർബന്ധിച്ചതും അതിനു മുൻകൈയെടുത്തതും തിരുമേനിയാണ്. ഫാ. ഗീവർഗീസ് ചട്ടത്തിൽ അച്ചന്റെ കാർമികത്വത്തിൽ നടന്ന വിവാഹത്തിൽ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദീസ നടത്തിയത് അദ്ദേഹമായിരുന്നു. എന്റെ പിതാവിന്റെ വാർധക്യകാലത്തുണ്ടായ മക്കളാണു ഞങ്ങൾ രണ്ടുപേരും.

2. ജെയ്ക്കിന്റെ സ്വത്തിനെ സംബന്ധിച്ച്

എന്റെ പിതാവിന്റെ മാതാവും പിതാവും അവരുടെ അയ്മനത്തെ വീട് വിറ്റ് 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിനു മുന്നിലൂടെ കെ.കെ റോഡ് വന്നത് പിന്നെയാണ്. സ്വാതന്ത്ര്യത്തിനുമുൻപ് അദ്ദേഹം കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു. പിന്നീട് ഇവിടെ മണർകാട്ട് സ്വന്തമായി ചെരിപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005ൽ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങൾ സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു.

പിന്നീട് ഞാൻ 2010ൽ അടച്ചുപോയ കട തുറന്നുനടത്താൻ ആരംഭിച്ചു. ജെയ്ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നത്. 2019ൽ ജെയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണർകാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവാടിന്റെ മുന്നിലായി ബാങ്ക് ലോൺ എടുത്തു വീടുവച്ചുമാറി. അതിനുമുൻപുതന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കൾക്കുമായി അമ്മ പകുത്തു തന്നു. ഇപ്പോൾ അമ്മയും ജെയ്ക്കും ഗീതുവും തറവാട്ടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സോടെ ഒരുമയോടെ ജീവിക്കുന്നു. ഹൈവേ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികമാണ്. ഇതൊക്കെ ഈ നാട്ടിലെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർക്ക് അറിയാവുന്ന കാര്യവുമാണ്. നിങ്ങൾക്കു ആർക്കെങ്കിലും ഇതു സംബന്ധിച്ച് എന്തെങ്കിലും രേഖകൾ ആവശ്യമുണ്ടെങ്കിൽ ഞാൻ നൽകാം.

ജെയ്ക്കിനെ നിങ്ങൾക്കു വിമർശിക്കാം, എതിർക്കാം. പക്ഷെ, ഞങ്ങളുടെ പിതാവിനെ വെറുതെവിടുക. സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലായിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞുതന്ന ഒരു കാര്യമുണ്ട്; ഒരിക്കലും കള്ളത്തരം കാണിക്കരുതെന്ന്. ചിറയിൽ തോമസിന്റെ മക്കൾ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്ന് ഇന്നാട്ടുകാർ ഒരിക്കലും പറയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്.

നാലു മാസംമുൻപ് നടന്ന എന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മാമോദീസയ്ക്ക് ഞങ്ങൾ ഒന്നിച്ചെടുത്ത ചിത്രം

Summary: 'Our father would have been over 100 years old if he is alive today'; Thomas C. Thomas supports his brother Jaick C. Thomas in unlawful property acquisition controversy

Similar Posts