'കലോത്സവ വേദികളിൽ സമയത്തിന് എത്താത്തവരെ ഒഴിവാക്കും'; മന്ത്രി വി.ശിവൻകുട്ടി
|ഒന്നിലധികം മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം വരുത്താനും തീരുമാനമായിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി. അപ്പീലുകളുടെ ആധിക്യവും കുട്ടികൾ വേദിയിലെത്താൻ വൈകുന്നതും മൽസരങ്ങൾ വൈകുന്നതിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം. സംഘാടകസമിതി ഓഫീസിൽ ചേർന്ന ജില്ലാ ടീം കോ ഓർഡിനേറ്റർമാരുടെ അവലോകന യോഗത്തിൽ ആയിരുന്നു മന്ത്രിയുടെ നിർദേശം.
എല്ലാ ദിവസവും അതാത് ദിവസം നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം നടക്കാറുണ്ട്. ഈ യോഗത്തിൽ ഇന്നുയർന്ന പ്രധാന വിമർശനമായിരുന്നു കുട്ടികൾ സമയത്തിന് വേദികളിലെത്താത്ത് മൂലം മത്സരം വൈകുന്നു എന്നത്. മത്സരം കൃത്യസമയത്ത് അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ മന്ത്രി നിർദേശിച്ചിരുന്നെങ്കിലും ഇതിൽ നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിഷയത്തിൽ മന്ത്രി വീണ്ടും ഇടപെട്ട് കർശന നിർദേശം നൽകിയത്.
ഒന്നിലധികം മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം വരുത്താനും തീരുമാനമായിട്ടുണ്ട്. സമാപന ദിവസം ഉച്ചക്ക് ഒരു മണിക്ക് മൽസരങ്ങൾ പൂർത്തിയാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചു.