Kerala
Those who do not carry the party flag should not be appointed as SC promoters
Kerala

പാര്‍ട്ടി കൊടി പിടിക്കാത്തവരെ എസ്.സി പ്രമോട്ടര്‍മാരായി നിയമിക്കേണ്ട; എ.കെ.എസ് നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്

Web Desk
|
23 May 2023 6:12 AM GMT

നിലവിലെ പ്രൊമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും,അവരെ വീണ്ടും പ്രൊമോട്ടർമാരാക്കരുതെന്നും തിരുവനന്തപുരം ജില്ലയിലെ എ.കെ.എസ് നേതാവിന്‍റെ ശബ്ദരേഖയില്‍ പറയുന്നുണ്ട്

തിരുവനന്തപുരം: പാര്‍ട്ടി കൊടി പിടിക്കാത്തവരെ എസ്.സി പ്രമോട്ടര്‍മാരായി നിയമിക്കരുതെന്ന എകെഎസ് നേതാവിന്‍റെ ശബ്ദരേഖ വിവാദത്തില്‍. സംഘടനയുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്നും,വിരുദ്ധരായിട്ടുള്ളവരെ പ്രൊമോട്ടർമാരാക്കരുതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഈ മാസം 20 നാണ് പി.ആര്‍.ഡി.എസ്.സി പ്രമോട്ടർ നിയമത്തിന് അപേക്ഷ ക്ഷണിച്ചത്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി പ്രമോട്ടര്‍മാരുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ ആളുകളെ നിയമിക്കാന്‍ വേണ്ടി പി.ആർ.ഡി അപേക്ഷ ക്ഷണിച്ചത്. പട്ടിക ജാതി വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് നിയമനം. എസ്.സി പ്രമോട്ടര്‍മാരായി പാര്‍ട്ടിക്കാര്‍ തന്നെ വേണമെന്ന സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംരക്ഷണ സമിതിയുടെ നേതാവിന്റെ ശബ്ദരേഖയാണ് വിവാദമായത്. നിലവിലെ പ്രൊമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും,അവരെ വീണ്ടും പ്രൊമോട്ടർമാരാക്കരുതെന്നും തിരുവനന്തപുരം ജില്ലയിലെ ആദിവാസി സംരക്ഷണ സമിതി നേതാവിന്‍റെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. പാർട്ടി കൊടി പിടിക്കാത്തവരെ നിയമിക്കരുതെന്നാണ് വാട്സ് അപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പേര് നല്‍കമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയത് വലിയ വിവാദങ്ങളുണ്ടാക്കിയിരിന്നു. അത് കെട്ടടങ്ങയതിന് പിന്നാലെ എസ്.സി പ്രമോട്ടര്‍മാരുടെ നിയമനങ്ങള്‍ക്കും പാര്‍ട്ടി ഇടപെടുന്നുവെന്ന ശബ്ദരേഖ പുറത്ത് വന്നത് സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്.

Similar Posts