റിഹേഴ്‌സൽ സമയത്ത് വിവാദ വേഷമുണ്ടായിരുന്നില്ല, അന്വേഷണം നടക്കട്ടെ: തോട്ടത്തിൽ രവീന്ദ്രൻ
|സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തോട്ടത്തിൽ രവീന്ദ്രൻ അടക്കമുള്ളവർ കണ്ടതിന് ശേഷമാണ് വേദിയിലെത്തിയതെന്ന ആരോപണത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. റിഹേഴ്‌സൽ സമയത്ത് എല്ലാവരും സാധാരണ ഡ്രസ് മാത്രമാണ് ധരിച്ചിരുന്നത്. വേദിയിലെത്തിയപ്പോഴാണ് പട്ടാളക്കാരുടെ ഡ്രസ് ഒക്കെ വന്നത്. താൻ കുട്ടികളുടെ പാട്ടിലാണ് ശ്രദ്ധിച്ചതെന്നും ദൃശ്യാവിഷ്‌കാരത്തിലെ വിവാദ ദൃശ്യങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയായി അവതരിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. റിഹേഴ്‌സൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അടക്കമുള്ളവർ കണ്ട ശേഷമാണ് അത് വേദിയിൽ അവതരിപ്പിച്ചതെന്നും ആരോപണമുയർന്നു. എന്നാൽ തനിക്ക് അതിന്റെ ചുമതലയുണ്ടായിരുന്നില്ലെന്നും ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചതിന് തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിൽ ഇത്തരം അജണ്ടകൾ കൊണ്ടുവന്നത് ആരാണ് എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.