മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുത്; കെ.കെ രമക്ക് ഭീഷണിക്കത്ത്
|ഇനിയും സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്നും കത്തിലുണ്ട്
വടകര: കെ.കെ രമ എം.എല്‍.എക്കെതിരെ ഭീഷണിക്കത്ത്. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. ഇനിയും സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്നും കത്തിലുണ്ട്.
പയ്യന്നൂരിൽ കാണാമെന്ന് കത്തിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് ഭീഷണിക്കത്ത്. വി.ഡി സതീശൻ , കെ.മുരളീധരൻ, കെ.സി വേണുഗോപാൽ എന്നിവർക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച എം.എൽ.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. പയ്യന്നൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. രമ ഡി.ജി.പിക്ക് പരാതിക്ക് നല്‍കിയിട്ടുണ്ട്.
ഈയിടെ നിയമസഭയില്‍ എം.എ മണി രമക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' എന്നാണ് എം.എം.മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവും തുടങ്ങി. ചന്ദ്രശേഖരനെ കൊന്നത് ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ആ പരാമര്‍ശത്തിലൂടെയെന്നായിരുന്നു രമയുടെ പ്രതികരണം. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണെന്നും രമ പറഞ്ഞിരുന്നു.