വായ്പ നിരസിച്ചതിനും ഓൺലൈൻ സംഘത്തിൻ്റെ ഭീഷണി
|പത്തനംതിട്ട തിരുവല്ല സ്വദേശി എസ്. അനിൽകുമാറിനാണ് ഓൺലൈൻ വായ്പാ സംഘത്തിൻറെ ഭീഷണിയുണ്ടായത്
പത്തനംതിട്ട: വായ്പ നിരസിച്ചതിനും ഓൺലൈൻ സംഘത്തിൻറെ ഭീഷണി. പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാറിനാണ് ഓൺലൈൻ വായ്പാ സംഘത്തിൻറെ ഭീഷണി. ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ സംഘം. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുന്നുവെന്ന് യുവാവ് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി.
അനിൽകുമാർ ഫേസ്ബുക്കിൽ നിന്നും ശ്രദ്ധയിൽപ്പെട്ട് ഒരു ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് ഇതിൽ നിന്നും ലഭിച്ച മെസേജ് വഴി ആദ്യം 9000 രുപയുടെ ലോണെടുക്കുകയുമായിരുന്നു. എന്നാൽ പലിശയടക്കം പിടിച്ച് എകദേശം 5000 ത്തോളം രുപയാണ് ലഭിച്ചത്. തുടർന്ന് ഈ തുക പുർണമായി അടച്ച ശേഷം 15000 രുപ ലോണെടുക്കാൻ താങ്കൾ യോഗ്യനാണെന്ന് പറഞ്ഞ ഇയാൾക്ക് വീണ്ടും ഒരു മെസേജ് വരികയായിരുന്നു. ഈ ലോണും ഇദ്ദേഹം എടുത്തു, ഇതിൽ പലിശ കഴിച്ച് ബാക്കി 8000 രുപയാണ് ലഭിച്ചത്. പിന്നീട് 35000 രുപയുടെ ലോണെടുക്കാൻ ആപ്പ് ആവശ്യപ്പെട്ടു. ഈ തുകയിലും വലിയൊരു തുക പലിശയിനത്തിൽ പിടിച്ച് ബാക്കി തുക ലഭിക്കുകയും ഈ തുക പൂർണമായി അടക്കുകയും ചെയ്തു.
ഇതിന് ശേഷം അനിൽകുമാർ കുടുംബത്തിന്റെ നിർദേശപ്രകാരം ഇനി ലോണെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോൺ ആപ്പുകാർ ഒരു ലക്ഷം ലോണെടുക്കാൻ ആവശ്യപ്പെടുകയും തനിക്ക് ഇനി ലോൺ വേണ്ടെന്ന് പറഞ്ഞ് ഇദ്ദേഹം അത് നിരസിക്കുകയുമായിരുന്നു. ഇതിന് ശേഷം ലോണെടുക്കാൻ നിർബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകൾ വരികയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇദ്ദേഹത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ആപ്പ് അയക്കുകയായിരുന്നു.