പത്രിക സമർപ്പിച്ച് മൂന്ന് സ്ഥാനാർഥികളും; ചേലക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്
|യുഡിഎഫ് മൂന്നും എൽഡിഎഫ് രണ്ടും ബിജെപി സ്ഥാനാർഥി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്.
തൃശൂർ: മൂന്ന് സ്ഥാനാർഥികൾ നാമനിർദേശ പത്രികസമർപ്പിച്ചതോടെ ചേലക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തഘട്ടത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് തലപ്പിള്ളി താലൂക്ക് ഓഫീസിൽ പത്രികാ സമർപ്പണത്തിനെത്തിയത്.
രാവിലെ 11 മണിയോടെ വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രകടനം തുടങ്ങിയത്. 12 മണിയോടെ ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണനും താലൂക്ക് ഓഫീസിലെത്തി നാമനിർദേശം നൽകി. യു.ആർ പ്രദീപ് പത്രിക സമർപ്പിച്ച പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബിജെപി സ്ഥാനാർഥി എത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് രമ്യ ഹരിദാസ് കോൺഗ്രസ് ഓഫീസിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. യുഡിഎഫ് മൂന്നും എൽഡിഎഫ് രണ്ടും ബിജെപി സ്ഥാനാർഥി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്.
മൂന്നു പേരും നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴും അൻവറിന്റെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീർ ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടി മണ്ഡലത്തിലെത്തുന്നതോടെ കൂടി ചേലക്കര ചൂടുപിടിക്കും.