ബക്രീദ്; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ മൂന്നു ദിവസം ഇളവ്
|ജൂലൈ 18, 19, 20 തീയതികളില്‍ എ, ബി,സി കാറ്റഗറിയിലെ എല്ലാ കടകള്‍ക്കും തുറക്കാം.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ കടകള്‍ക്കും തുറക്കാം. 15 ശതമാനത്തിനു താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളാണ് എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവ തുറക്കുന്നതിനാണ് അനുവാദം. രാത്രി 8 മണിവരെയാണ് പ്രവര്‍ത്തനാനുമതി.
അതേസമയം , ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.
മുഖ്യമന്ത്രിയുമായി വ്യാപാരികൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമായത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും പ്രത്യക്ഷ സമരത്തിലേക്ക് ഇനിയില്ലെന്നും വ്യാപാരികൾ വ്യക്തമാക്കിയിരുന്നു.
പെരുന്നാളിനു ശേഷവും ഡി കാറ്റഗറിയിലടക്കം കടകള്‍ തുറക്കുന്ന കാര്യത്തില്‍ നാളത്തെ അവലോകന യോഗം തീരുമാനമെടുക്കും. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് എല്ലാ കടകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാനുള്ള അനുമതി നല്‍കാനാണ് സാധ്യത. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ അതേപടി തുടര്‍ന്നേക്കും. അതേസമയം കടകള്‍ തുറക്കുന്നതിനോട് ആരോഗ്യ വകുപ്പിനും പൊലീസിനും എതിര്‍പ്പാണ്.