എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരും മരിച്ചു
|കോന്തുരുത്തിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുമ്പോഴാണ് അപകടം
എറണാകുളം തേവര കുണ്ടന്നൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരും മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശി ഹഷ്ന, സഹോദരൻ ആദിൽ എന്നിവരാണ് മരിച്ചത്.നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രവീണിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. നാട്ടുകാരും പൊലീസുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സിന്റെ സ്കൂബാ ഡൈവിങ് ടീമെത്തിയാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.കോന്തുരുത്തിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുമ്പോഴാണ് അപകടം. എറണാകുളം നെട്ടൂർ സൗത്ത് കോളനിയിൽ നിന്നാണ് ഇവർ ചെറിയ ഒരു വള്ളത്തിൽ കയറി കോന്തുരുത്തിയിലേക്ക് യാത്ര തിരിക്കുന്നത്. ഏകദേശം മുപ്പത് മീറ്റർ എത്തിയപ്പോഴേക്കും വള്ളം മറിയുകയായിരുന്നു.
നാല് പേർക്ക് സഞ്ചരിക്കാൻ കഴിയാത്ത വള്ളമായിരുന്നെന്നും നല്ല കാറ്റുണ്ടായിരുന്നെന്നും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞു.