മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്
|നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരാണ് കേസിലെ പ്രതികൾ. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിട്ടു. രാത്രിയിൽ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇതിന് ശേഷമാണ് 2020-ൽ 14കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്.