Kerala
തൃപ്പൂണിത്തുറ പീ‌ഡനം; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ
Kerala

തൃപ്പൂണിത്തുറ പീ‌ഡനം; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ

Web Desk
|
22 Nov 2022 5:29 AM GMT

വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവർക്കെതിരെ നടപടി.

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ​ഗസ്റ്റ് അധ്യാപകനായ കിരൺ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവർക്കെതിരെ നടപടി.

കേസിൽ കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. വിദ്യാർഥിനി സഹപാഠികളോട് തന്റെ ദുരനുഭവം പങ്കുവച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അന്ന് ജില്ലയിൽ ബസ് പണിമുടക്കായിരുന്നു. അതിനാൽ, പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് വിദ്യാർഥിനി പോയത്. രാത്രി വളരെ വൈകി കലോത്സവം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകൻ വിദ്യാർഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു.

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതരോട് വിവരം പറഞ്ഞെങ്കിലും മൂടിവയ്ക്കുകയായിരുന്നു. ഇതോടെ സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്കുവച്ചതോടെ വിദ്യാർഥികൾ വലിയ പ്രതിഷേധവുമായി രം​ഗത്തെത്തുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.

എന്നാൽ പീഡന വിവരം സ്കൂൾ അധികൃതർ മറച്ചുവച്ചത് അധ്യാപകന് ഒളിവിൽ പോവാൻ സഹായകമായി. ‌നാടുവിട്ട അധ്യാപകനെ പിന്നീട് നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. അധ്യാപകൻ കിരൺ മുമ്പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.

Similar Posts