![Three students drowned in Vellayani lake Three students drowned in Vellayani lake](https://www.mediaoneonline.com/h-upload/2024/01/26/1408214-untitled-1.webp)
വെള്ളായണി കായലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
അപകടത്തിൽപ്പെട്ട വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കവേ മറ്റുള്ളവരും അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളായണി കായലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കായലിൽ കുളിക്കാനിറങ്ങിയ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളായ മുകുന്ദനുണ്ണി(19), ഫെർഡിൻ(19), ലിബിനോൺ(20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം, വെട്ടുകാട് സ്വദേശികളാണിവർ..
നാലുപേരടങ്ങുന്ന സംഘം ഇന്ന് ഉച്ചയോടെയാണ് വെള്ളായണി കായലിൽ കുളിക്കാനെത്തിയത്. കായലിലെ വെച്ചാമൂല എന്ന പ്രദേശത്തായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കരയ്ക്ക് നിന്ന വിദ്യാർഥിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നതും ഒഴുക്കിൽപ്പെട്ടവരെ കരയ്ക്ക് കയറ്റുന്നതും. എന്നാൽ കരയ്ക്കെത്തിച്ചപ്പോഴേക്കും മൂവരും മരിച്ചിരുന്നു.
ചതുപ്പ് നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ അപകടം നടന്നാൽ ജീവൻ തിരിച്ചു കിട്ടുക അസാധ്യമെന്നാണ് പ്രദേശവാസികൾ അറിയിക്കുന്നത്. ചതുപ്പിൽ പെട്ടപ്പോൾ തന്നെ മൂവരും ചളിയിൽ പുതഞ്ഞിരിക്കാം എന്നാണ് നിഗമനം.