മയക്കുമരുന്ന് വിൽപ്പന; തിരുവനന്തപുരത്ത് മൂന്ന് യുവാക്കള്‍ പിടിയിൽ
|ഇവരിൽ നിന്ന് 4.25 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപ്പന- വിതരണ സംഘത്തിലെ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് അന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ മണക്കാട് ഭാഗത്തു നിന്നും പിടികൂടിയത്. ഇവരിൽ നിന്ന് 4.25 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ബുള്ളറ്റില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ടുവന്ന മയക്കുമരുന്നുമായി ആദ്യം അല്‍ അമീനിനെയാണ് പിടികൂടിയത്. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ ജയിലിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അമ്പലത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നബിന്‍ഷാ, അജീസ് എന്നിവരെ പിടികൂടിയത്. പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റുകളില്‍ പ്രമുഖരാണ് ഇപ്പോള്‍ എക്സൈസ് പിടിയിലായത്.
വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ പരിസരങ്ങളിലും പോക്കറ്റ് റോഡുകളിലും കര്‍ശന പരിശോധനകള്‍ ശക്തമാക്കുന്നതിനായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഷാഡോ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നന്ദകുമാര്‍, പ്രബോധ്, സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.