പി.എഫ്.ഐ ഹര്‍ത്താല്‍: കണ്ണൂരില്‍ വാഹനത്തിനു നേരെ പെട്രോള്‍ ബോംബേറ്
|പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു.
കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. വളഞ്ഞവഴിയിലുണ്ടായ കല്ലേറില്‍ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു. രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടു യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടതായി ബസിലെ ഡ്രൈവറും കണ്ടക്ടറും മീഡിയവണിനോട് പറഞ്ഞു.
ആലുവയിലെ ചാലക്കൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ പിറകിലെ ചില്ല് തകർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു നേരെയായിരുന്നു അക്രമം. മുന്നിലും പിറകിലുമായി ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. നിറയെ യാത്രക്കാരുമായി പോകുമ്പോഴാണ് കല്ലേറുണ്ടായിരുന്നത്.
തൃശൂർ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറുണ്ടായി. കോഴിക്കോട് നടക്കാവിൽ ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലെറുണ്ടായി. ഇതോടെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസുകൾ സർവീസ് നിർത്തിവെച്ചു. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും അകപ്പെട്ടു പോയവര്‍ക്ക് പൊലീസ് പലയിടത്തും ഗതാഗത സൗകര്യം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. മിക്ക ജില്ലകളിലും കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.