Kerala
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ജോ ജോസഫിനായില്ല; എൽഡിഎഫ് തോൽവിക്കുള്ള കാരണങ്ങൾ ഇങ്ങനെ
Kerala

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ജോ ജോസഫിനായില്ല; എൽഡിഎഫ് തോൽവിക്കുള്ള കാരണങ്ങൾ ഇങ്ങനെ

Web Desk
|
4 Jun 2022 1:04 AM GMT

യുഡിഎഫിന്റെ ഉരുക്ക് കോട്ടയാണ് തൃക്കാക്കരയെങ്കിലും, അട്ടിമറി പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്

തൃക്കാക്കര: ജോ ജോസഫിന്റെ സ്ഥാനാർഥിത്വം യുഡിഎഫിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു എൽഡിഎഫ് കണക്ക് കൂട്ടൽ. പക്ഷേ സ്ഥാനാർഥി നിർണയം തുടങ്ങി പ്രചാരണ പ്രവർത്തനങ്ങളിലടക്കം വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിലേക്കാണ് സിപിഎം എത്തുന്നത്. സഹതാപ തരംഗം, വോട്ട് വർധന എന്നീ ന്യായീകരണങ്ങൾക്കപ്പുറം കനത്ത പരാജയത്തിന് ഒരു പിടി കാരണങ്ങളുണ്ടെന്നാണ് ജില്ലയിലെ പാർട്ടി നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ.

യുഡിഎഫിന്റെ ഉരുക്ക് കോട്ടയാണ് തൃക്കാക്കരയെങ്കിലും, അട്ടിമറി പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. 2000നും 4000നും ഇടയിൽ വോട്ടിന്റെ ഭൂരിപക്ഷതിൽ ജയിക്കുമെന്ന പ്രതീക്ഷ. തോറ്റാൽ തന്നെ 5000 വോട്ടിന് താഴെ മാത്രം വോട്ടുകൾക്ക് എന്നതായിരുന്നു കണക്കുകൂട്ടൽ. മുഖ്യമന്ത്രിയും, മന്ത്രിമാരും നേരിട്ട് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും 25000 തിലധികം വോട്ടിന്റെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതിന്റെ കാരണം അന്വേഷിക്കുകയാണ് സിപിഎം നേതൃത്വം. സ്ഥാനാർഥി നിർണയത്തിൽ പോരായ്മ വന്നുവെന്ന ആക്ഷേപങ്ങൾ ഇടത് ക്യാമ്പിൽ നിന്ന് തന്നെ ഉയർന്ന് കഴിഞ്ഞു

സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തുടക്കത്തിൽ ഉണ്ടായ കാലതാമസവും, ആശയക്കുഴപ്പവും ജില്ലാ നേതൃത്വത്തിൽ തന്നെ ചേരി തിരിവ് ഉണ്ടായി എന്നത് വ്യക്തമാക്കുന്നതായിരുന്നു. പാർട്ടി ജില്ല നേതൃത്വം മുന്നോട്ട് വെച്ചത് അരുൺ കുമാറിന്റെ പേരായിരുന്നു. പി രാജീവടക്കമുള്ളവരുടെ ഇടപെടലാണ് ജോ ജോസഫിലേക്ക് എത്തിയത്.

പാർട്ടിയിലെ യുവനേതാവിനെ മാറ്റി, പകരം മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ട് സമാഹരിക്കാൻ ലക്ഷ്യമിട്ട നീക്കം കനത്ത പരാജയമായി മാറി. കുർബാന ഏകീകരണ വിഷയത്തിൽ മാർ ജോർജ് ആലഞ്ചേരിക്ക് എതിരെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം സഭ വിശ്വാസികളുടെയും വികാരം നിലനിൽക്കവേ സഭാ സ്ഥാനാർഥിയെന്ന പ്രതീതിയുണ്ടാക്കിയത് വലിയ തിരിച്ചടിക്ക് കാരണമാക്കിയതായാണ് സി പി എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. സഭയുടെ ആശുപത്രിയിൽ വെച്ചുള്ള സ്ഥാനാർഥി പ്രഖ്യാപനവും ദോഷം ചെയ്തു. കെ വി തോമസിനെ ഉയർത്തി കാണിച്ചതും വലിയ തിരിച്ചടിയായി.

കാസയുടെയടക്കം പരസ്യ പിന്തുണ മുസ്‌ലിം വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിക്കാൻ ഇടയാക്കി എന്നാണ് നിഗമനം. വികസന വിരോധികളെന്ന എൽഡിഎഫ് പ്രചാരണത്തെഎറണാകുളം ജില്ലയിൽ യുഡിഎഫ് നടപ്പിലാക്കിയ വികസപ്രവർത്തനങ്ങൾ ഉയർത്തി കാട്ടി കോൺഗ്രസ് പ്രതിരോധിച്ചതും കണക്ക് കൂട്ടലുകൾ തെറ്റിച്ചതായി പാർട്ടി കണക്ക് കൂടുന്നു. ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം മത്സര രാഗത്ത് ഇല്ലാതിരുന്നതും തോൽവിയുടെ ആഘാതം വർധിപ്പിച്ചതായാണ് പാർട്ടി വിലയിരുത്തൽ.

Related Tags :
Similar Posts