തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുന്നു; ബൂത്ത് കൺവെൻഷനുകൾ ഇന്നുമുതൽ
|ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
തൃക്കാക്കര: തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം കഴിഞ്ഞതോടെ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പ്രചാരണം കൂടുതൽ ശക്തമായി. ഇന്നുമുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്ത് കൺവെൻഷനുകൾ സജീവമാക്കും. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും കൺവെൻഷനുകളുമായി സജീവമാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി മണ്ഡലത്തിൽ എത്തിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ എത്തിക്കഴിഞ്ഞു.
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനാണ് എൽ.ഡി.എഫിലെ തീരുമാനം. അതോടൊപ്പം രണ്ടാംഘട്ട പര്യടനവും കൂടുതൽ വ്യാപിപ്പിക്കും. ഇന്ന് തൃക്കാക്കര ഈസ്റ്റിൽ നിന്ന് പ്രചാരണം തുടങ്ങുന്ന ഇടത് സ്ഥാനാർഥി ജോ ജോസഫ് മരണവീടുകൾ സന്ദർശിക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് രാവിലെ 7 മണി മുതൽ പ്രചാരണത്തിന് ഇറങ്ങും. വൈറ്റിലയിലും തൃക്കാക്കര സെൻട്രലിലും ആണ് ഇന്ന് പര്യടനം. വൈകീട്ട് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും സംഘടിപ്പിക്കുന്ന കൺവൻഷനുകളിലും പങ്കെടുക്കും. കാക്കനാട്, വൈറ്റില, തമ്മനം എന്നിവിടങ്ങളിലാണ് കൺവെൻഷൻ.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകിട്ട് നാലുമണിക്ക് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ ബി.ജെ.പി നേതാക്കൾ പങ്കെടുക്കും. പാടിവട്ടം അഞ്ചുമന മൈതാനത്താണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പിയുടെ സംസ്ഥാന നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്.