തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്
|ഇതോടെ അന്തിമ സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകും. പ്രചാരണത്തിനായി ഇന്നും മുതിർന്ന നേതാക്കൾ കളത്തിലിറങ്ങും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇതോടെ അന്തിമ സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകും. പ്രചാരണത്തിനായി ഇന്നും മുതിർന്ന നേതാക്കൾ കളത്തിലിറങ്ങും.
നാമ നിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ മത്സര രംഗത്തുള്ളത് 8 സ്ഥാനാർഥികൾ. ഇന്ന് വൈകിട്ട് മൂന്നു മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. പരസ്യ പ്രചാരണത്തിന് 13 ദിവസം മാത്രം ബാക്കി നിൽക്കെ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചാണ് സ്ഥാനാർഥികളുടെ പ്രചാരണം. മണ്ഡലത്തിൽ ക്യാംപ് ചെയ്ത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിക്കുന്ന മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ മൂന്ന് ലോക്കൽ കമ്മറ്റി യോഗങ്ങളിൽ പങ്കെടുക്കും. കൂടുതൽ മന്ത്രിമാരും ഇന്ന് സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങും. യു.ഡി.എഫിനായി പ്രചാരണം നയിക്കാൻ ഇന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കളത്തിലിറങ്ങും.
ഉമാ തോമസിന്റെ മണ്ഡല പര്യടനം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. കൂടുതൽ പ്രതിപക്ഷ എം.എൽ.എമാരും തൃക്കാക്കരയിലെത്തും. കെ.സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളും വരും ദിവസങ്ങളിൽ തൃക്കാക്കരയിലെത്തി പ്രചാരണത്തിൽ സജീവമാകും. സ്ഥാനാര്‍ഥികളുടെ വാഹന പ്രചാരണ ജാഥകളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. വീടുകളും വ്യാപാര കേന്ദ്രങ്ങളും കേന്ത്രീകരിച്ചാണ് ഇന്ന് സ്ഥാനാര്‍ഥികളുടെ പ്രചാരണം.