Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി; നേതാക്കളുടെ വീഴ്ചയും കാരണമായെന്ന് സി.പി.എം
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി; നേതാക്കളുടെ വീഴ്ചയും കാരണമായെന്ന് സി.പി.എം

Web Desk
|
29 Dec 2022 3:51 PM GMT

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികൾക്കിടയിലും ആശയകുഴപ്പമുണ്ടാക്കിയെന്ന് കമ്മിഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് നേതാക്കളുടെ വീഴ്ചയും കാരണമായെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികൾക്കിടയിലും ആശയകുഴപ്പമുണ്ടാക്കിയെന്ന് കമ്മിഷൻ വിലയിരുത്തി.

ടി.പി രാമകൃഷ്ണനും, എ.കെ ബാലനും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

പാർട്ടി സംവിധാനത്തെ ആകെ തൃക്കാക്കരയിൽ വിന്യസിച്ചിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടാത്തത് പരിശോധിക്കാനാണ് സംസ്ഥാന കമ്മിറ്റി കമ്മീഷനെ നിയോഗിച്ചത്.കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണനെയും ഉൾപ്പെടുത്തിയായിരുന്നു കമ്മീഷൻ.ശക്തമായ പ്രചാരണം നടത്തിയിട്ടും കനത്ത തോൽവി ഉണ്ടായതിൽ എറണാകുളത്തെ പാർട്ടി നേതാക്കൾക്ക് പിഴവ് പറ്റി എന്നാണ് കമ്മീഷൻ കണ്ടെത്തൽ .

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്ത് നടത്തിയത് തെറ്റായിപ്പോയി.ഇത് അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. യുഡിഎഫിന്റെ കോട്ടയായ മണ്ഡലത്തിൽ അതിനനുസരിച്ചുള്ള പ്രചരണമല്ല സംഘടിപ്പിച്ചതെന്നും കമ്മീഷൻ റിപ്പോർട്ട് പറയുന്നു..സഭയുടെ സ്ഥാനാർത്ഥി ആണ് ജോ ജോസഫ് എന്ന പ്രചരണവും തിരിച്ചടി ഉണ്ടാക്കി. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കന്മാർക്കും വീഴ്ച പറ്റിയെന്ന വിലയിരുത്തലും കമ്മീഷണർ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ശുപാർശയുമുണ്ട്. എന്നാൽ കമ്മീഷൻ റിപ്പോർട്ട്‌ ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

Similar Posts