തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്...
|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തവിട്ടു.
തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തവിട്ടു. വോട്ടിങ് യന്ത്രങ്ങളുടെ മോക്ക് പോളിങ്ങും പൂർത്തിയാക്കി.
തൃക്കാക്കര നിയമസഭാ മണ്ഡല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ്. സിറ്റിങ് എം.എല്‍.എയായിരുന്ന പി.ടി തോമസിന്‍റെ നിര്യാണമാണ് അഞ്ച് വർഷം തികയും മുമ്പ് മറ്റൊരു രാഷ്ട്രീയ അങ്കത്തിന് കളമൊരുക്കിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ജാഫർ മാലിക്കിന്‍റെ നേതൃത്വത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പ്രവർത്തന സജ്ജമെന്ന് ഉറപ്പുവരുത്തി. യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ സുഗമമാക്കാന്‍ നോഡല്‍ ഓഫീസർമാരെ കലക്ടർ നിയമിച്ചു. ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്ന എം.സി.സി നോഡല്‍ ഓഫീസറായി ഫോർട്ട് കൊച്ചി സബ്‍കലക്ടര്‍ വിഷ്ണുരാജിനെ നിയോഗിച്ചു. വോട്ടർ ബോധവത്കരണത്തിനുള്ള നോഡല്‍ ഓഫീസറായി അസിസ്റ്റന്‍റ് കലക്ടർ സച്ചിന്‍ കുമാർ യാദവിനെയും ചുമതലപ്പെടുത്തി. എ.ഡി.എം എസ്.ഷാജഹാനാണ് ലോ ആന്‍ഡ് ഓർഡർ നോഡല്‍ ഓഫീസർ. മറ്റു നിരധി ഉദ്യോഗസ്ഥർക്കും ചുമതലകളുണ്ട്.