തൃക്കാക്കരക്ക് അസുലഭ മുഹൂർത്തം, ഇത് 100 തികയ്ക്കാനുളള പ്രയാണം: മുഖ്യമന്ത്രി
|വേദിയിലെത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു
എൽഡിഎഫ് സർക്കാരിന്റെ അംഗബലം 100 തികയ്ക്കാനുളള പ്രയാണമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 99 നൂറാക്കാനുള്ള അസുലഭ മുഹൂർത്തമാണ് തൃക്കാക്കരക്കർക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികൾ യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വേദിയിലെത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കെ.വി തോമസ് ഇങ്ങോട്ട് വരികയാണ്, അദ്ദേഹത്തെ സ്വാഗതം ചെയ്യണമല്ലോ. കെ.വി തോമസ് കൺവെൻഷനിലെത്താൻ ഒരു മണിക്കൂർ വൈകി. കെറെയിലിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്' പിണറായി വിജയൻ പറഞ്ഞു.
ഒരു ഭാഗത്ത് മതനിരപേക്ഷത തകർക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഇവർ വിലകൽപ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാൻ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘർഷമുണ്ടാക്കി വിദ്വേഷപ്രവർത്തനങ്ങൾ നടത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.