തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ച അടുത്തയാഴ്ച, ഉമാ തോമസും ബല്‍റാമും പരിഗണനയിൽ
|അടുത്തയാഴ്ച പ്രധാന നേതാക്കളുമായി ചർച്ചകള്‍ തുടങ്ങാനാണ് തീരുമാനം.
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് യു.ഡി.എഫ് കടക്കുന്നു. അടുത്തയാഴ്ച പ്രധാന നേതാക്കളുമായി ചർച്ചകള്‍ തുടങ്ങാനാണ് തീരുമാനം.
പി.ടി തോമസ് നിലനിർത്തിയ തട്ടകം ആർക്കെന്നത് പ്രവചനാതീതം തന്നെ. ഒരു പേരിലേക്ക് യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും എത്തിയിട്ടില്ല. എങ്കിലും പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ഉമയെ മത്സരിപ്പിച്ചാല്‍ തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. വി.ടി ബല്‍റാമിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകള്‍ തുടങ്ങിയിട്ടില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശദീകരണം. അടുത്തയാഴ്ച പ്രധാന നേതാക്കളുമായി ചർച്ച തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇപ്പോള്‍ ഒരു പേര് പറയാനാകില്ലെന്നും വി.ഡി സതീശന് പറഞ്ഞു.
ഉമാ തോമസിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാന നേതാക്കള്‍ക്കിടയില്‍ എതിരഭിപ്രായമില്ലെന്നാണ് റിപ്പോർട്ടുകള്‍. എങ്കിലും എറണാകുളത്തെ ചില നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഉമാ തോമസുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ദിവസങ്ങള്‍ക്ക് മുമ്പ് ചർച്ച നടത്തി ഉമയുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ സൗഹൃദ സന്ദർശനമാണെന്നായിരുന്നു സുധകാരന്‍ പിന്നീട് വിശദീകരിച്ചത്.