വോട്ടെടുപ്പിന് ഇനി 10 നാള്: കെ സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് മുഖ്യവിഷയമാക്കി എൽ.ഡി.എഫ്
|അറസ്റ്റിലേക്ക് പോയാല്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫ് നേതൃത്വത്തിനുണ്ട്
കൊച്ചി: വോട്ടെടുപ്പിന് 10 ദിവസം മാത്രം ബാക്കി നില്‍ക്കേ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് മുഖ്യവിഷയമാക്കി എൽ.ഡി.എഫ്. അറസ്റ്റ് പോലുള്ള തുടർനടപടികളിലേക്ക് ഉടന്‍ കടക്കേണ്ടെന്ന നിര്‍ദേശം പാലാരിവട്ടം പൊലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നൽകിയിട്ടുണ്ട്. വെള്ളക്കെട്ടും കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക് കടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് അവസാന ലാപ്പിലെ യു.ഡി.എഫ് പ്രചാരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന യു.ഡി.എഫ് വാദം പൊലീസ് പൂര്‍ണമായും തള്ളിക്കളയുകയാണ്. വിദ്വേഷ പ്രചാരണം ആര് നടത്തിയാലും കേസെടുക്കണമെന്ന ഉന്നത നിര്‍ദേശമുള്ളതുകൊണ്ടാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വാദിക്കുന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്നില്‍ രണ്ട് കേസുകളും യു.ഡി.എഫ് നേതാക്കളുടെ പരാതിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന വാദം സി.പി.എമ്മും ഉയര്‍ത്തുന്നുണ്ട്.
അറസ്റ്റിലേക്ക് പോയാല്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയത്. അഞ്ച് ദിവസമായി പെയ്ത മഴ മാറി നില്‍ക്കുന്നതോടെ പ്രചാരണ രംഗം വീണ്ടും ചൂടുപിടിക്കും. വാഹനത്തിലുള്ള പര്യടനവും വീടുകയറിയുള്ള പ്രചാരണത്തിലുമാണ് സ്ഥാനാര്‍ഥികള്‍ ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.