Kerala
തൃക്കാക്കര നഗരസഭാ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പണം നൽകി; ഫോൺ സംഭാഷണം പുറത്ത്
Kerala

തൃക്കാക്കര നഗരസഭാ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പണം നൽകി; ഫോൺ സംഭാഷണം പുറത്ത്

Web Desk
|
20 Aug 2021 10:20 AM GMT

ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ഡിസിസിയെ ചുമതലപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു

തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്‌തെന്ന ആരോപണം തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം റാഷിദ് ഉള്ളമ്പിള്ളി പ്രതിപക്ഷ കൗൺസിലറുമായി സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. കക്ഷിനേതാക്കളോട് ആലോചിക്കാതെയാണ് പണം വിതരണം ചെയ്തതെന്ന് സംഭാഷണത്തിൽ റാഷിദ് പറയുന്നുണ്ട്. അതേസമയം, ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ഡിസിസിയെ ചുമതലപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

പണം വിതരണം ചെയ്യുന്നതിനെക്കുറിച്ച് സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന് അറിയാമായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഫോൺ സംഭാഷണം. പലരിൽനിന്നായി വാങ്ങിയതാണ് ഈ പണം. ചിലർക്ക് 5,000 രൂപയും ചിലർക്ക് 10,000 രൂപയുമാണ് നൽകിയതെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇത്തരത്തിൽ ലഭിച്ച പണം തിരികെനൽകിയ കൗൺസിലറോടാണ് റാഷിദ് ഉള്ളമ്പിള്ളി സംസാരിക്കുന്നത്. പണമടങ്ങിയ കവർ കൗൺസിലർ നഗരസഭാ അധ്യക്ഷയ്ക്ക് തിരിച്ചുനൽകുകയായിരുന്നു.

ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി അധ്യക്ഷനെയടക്കം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വിവാദം. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെയർപേഴ്‌സനെതിരെ പുതിയ ആരോപണമുയർന്നിരിക്കുന്നത്. ഭരണസമിതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനുളള തയാറെടുപ്പിലാണ് പ്രതിപക്ഷം. അഴിമതി നടത്തിയതിലൂടെ ലഭിച്ച തുകയിൽനിന്നാണ് കൗൺസിലർമാർക്ക് പണം നൽകിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെയർപേഴ്‌സന്റെ മുറിയിൽവച്ചാണ് ഓണക്കോടിക്കൊപ്പം പണമടങ്ങിയ കവർ കൗൺസിലർമാർക്ക് നൽകിയതെന്നാണ് ആരോപണം.

കവറിൽ പണമാണെന്ന് മനസിലായതോടെ കവർ തിരികെ ഏൽപ്പിച്ചെന്നും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്നും പ്രതിപക്ഷം പറയുമ്പോൾ ആരോപണം പൂർണമായും നിഷേധിക്കുകയായിരുന്നു നഗരസഭാ അധ്യക്ഷ. കവറിനകത്തെ പണം കാണിക്കാതെ വെറുതെ ആരോപണം ഉന്നയിക്കരുതെന്ന ചെയർപേഴ്‌സന്റെ പ്രതികരണം വന്ന ഉടനെയാണ് യുഡിഎഫിനെ വെട്ടിലാക്കി ഭരണപക്ഷ കൗൺസിലറുടെ രംഗപ്രവേശനം. പണം നൽകി എന്ന ആരോപണത്തെ ശരിവച്ച് ഭരണപക്ഷ കൗൺസിലർ വിഡി സുരേഷാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പരാതി നൽകിയിട്ടുണ്ട്.

Similar Posts