തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം; കർശന നിർദേശവുമായി വീണ്ടും ഹൈകോടതി
|നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ടതിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് നിർദേശം
തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ വീണ്ടും ഹൈകോടതിയുടെ നിർദേശം. നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ട സംഭവത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നല്കി.
തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് സംരക്ഷണം നൽകണമെന്ന നിർദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി വീണ്ടും ഉത്തരവിട്ടത്.
നഗരസഭയിൽ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചത് പുറത്തു നിന്നുള്ളവരാണെന്നും ഇപ്പോൾ കൗൺസിലർമാരാണ് പ്രതിഷേധിക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.