തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന് ഇബ്രാഹിംകുട്ടിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും
|ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇബ്രാഹിംകുട്ടി ഇതിനു കൂട്ടാക്കിയിട്ടില്ല
കൊച്ചി: തൃക്കാക്കര നഗരസഭ വൈസ് ചെയർമാന് എ.എ ഇബ്രാഹിംകുട്ടിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. എല്‍.ഡി.എഫ് അംഗങ്ങളും സ്വതന്ത്രരും ചേർന്നാണ് അവിശ്വാസം കൊണ്ടുവന്നത്. മുസ്ലിം ലീഗിലെ ധാരണപ്രകാരം ഇബ്രാഹിംകുട്ടി രാജിവച്ച് മറ്റൊരു അംഗത്തിന് അവസരമൊരുക്കേണ്ടതാണെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുള്ള അവിശ്വാസത്തെ നേരിട്ട ശേഷം രാജിവയ്ക്കാമെന്നാണ് ഇബ്രാഹിംകുട്ടിയുടെ നിലപാട്. പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകള്‍ക്കായി സംസ്ഥാന നേതൃത്വം ഇബ്രാഹിംകുട്ടിയുമായി ചർച്ച തുടരുകയാണ്. രാവിലെ 11 മണിക്കാണ് കൗണ്‍സില്‍ യോഗം ചേരുക.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജിവയ്ക്കണമെന്നായിരുന്നു ലീഗ് നിര്‍ദേശമുണ്ടായിരുന്നത്. മുസ്ലിം ലീഗിലെ നേരത്തെയുള്ള ധാരണപ്രകാരം ഇബ്രാഹിംകുട്ടി രാജിവയ്ക്കാതെ വന്നതോടെയാണ് നേതൃത്വം ഇടപെട്ടത്. ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് ആണ് നിർദേശം നൽകിയത്. എന്നാല്‍, ഇപ്പോള്‍ രാജിവയ്ക്കില്ലെന്നും സ്വതന്ത്രർ കൊണ്ടുവന്ന അവിശ്വാസപ്രമേയം നേരിടുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആദ്യ രണ്ടര വർഷം എ.എ ഇബ്രാഹിംകുട്ടിക്കും അടുത്ത ഒന്നര വർഷം പി.എം യൂനുസിനും തുടർന്നുള്ള ഒരു വർഷം ടി.ജി ദിനൂപിനും നൽകാനായിരുന്നു ലീഗ് തീരുമാനം. എന്നാൽ, ധാരണ പ്രകാരമുള്ള രണ്ടര വർഷം കഴിഞ്ഞിട്ടും നിലവിലെ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ഇബ്രാഹിംകുട്ടി സന്നദ്ധനായില്ല. ഇതോടെയാണ് ജില്ലാ നേതൃത്വം ഇടപെട്ടത്.
Summary: The motion of no confidence brought by the opposition against the vice-chairman of Thrikkakara Municipality, AA Ibrahimkutty, will be discussed today