തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്; ജൂൺ മൂന്നിന് വോട്ടെണ്ണൽ
|മെയ് നാലിന് വിജ്ഞാപനമിറങ്ങും. പതിനൊന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 31 ന് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ജൂണ്‍ മൂന്നിനാകും വോട്ടെണ്ണൽ. ഈ മാസം പതിനൊന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പതിനാറ് വരെ നാമനിര്‍ദേശം പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങും. പി.ടി തോമസിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് തൃക്കാക്കര മണ്ഡലം. ഇടത്- വലത് മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ട്വന്‍റി- 20യുടെ സാന്നിധ്യമുള്ള മണ്ഡലത്തില്‍ അവരുടെ നിലപാടും നിര്‍ണായകമാകും. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതകള്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നുയരുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നാളെ തിരുവനന്തപുരത്ത് നടക്കും.
2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് 14,329 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. യു.ഡി.എഫിന് 43.82 ഉം എല്‍.ഡി.എഫിന് 33.32 ഉം ആയിരുന്നു വോട്ട് ശതമാനം.