തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്
|2014 മുതൽ നടന്ന തട്ടിപ്പ് സഹകരണ ഓഡിറ്ററുടെ പരിശോധനയിലാണ് പുറത്തായത്.
തൃശ്ശൂർ കരുവന്നൂരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ്. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞു വായ്പാ നൽകിയാണ് തട്ടിപ്പ് നടത്തിയത്. നിലവിൽ നിക്ഷേപകർക്ക് ആഴ്ചയിലൊരിക്കൽ പതിനായിരം രൂപയിൽ കൂടുതൽ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാങ്കുള്ളത്.
2014 മുതൽ നടന്ന തട്ടിപ്പ് സഹകരണ ഓഡിറ്ററുടെ പരിശോധനയിലാണ് പുറത്തായത്. ബാങ്കിന് വായ്പ നൽകാൻ കഴിയുന്ന ദൂര പരിധിക്ക് അപ്പുറമുള്ള വസ്തുക്കൾ ഈട് വെച്ച് പലരും വായ്പ എടുത്തിട്ടുണ്ട്. സി.പി.എം ഭരണസമിതിയുടെ ഒത്താശയോടെ നടത്തിയ തട്ടിപ്പിൽ ബാങ്ക് സെക്രട്ടറിയെയും മറ്റു ചിലരെയും മാത്രം കേസിൽ ഉൾപ്പെടുത്തി പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കമുള്ളതായും ആരോപണമുണ്ട്.
ബാങ്കിൽ നിക്ഷേപം പിൻവലിക്കാൻ എത്തുന്നവർക്ക് ടോക്കൺ നൽകി, ഒരാഴ്ചക്ക് ശേഷം വരാനാണ് ബാങ്ക് നിർദേശിക്കുന്നത്. കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.