'തൃശൂരിൽ 1000 രൂപക്ക് 68 സെന്റ്'; ഭാഗ്യപരീക്ഷണത്തിന് ദമ്പതികൾ
|നാല് വർഷം ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെയാണ് ഭാഗ്യ പരീക്ഷണത്തിന് ദമ്പതികൾ ഒരുങ്ങിയത്.
തൃശൂർ: 1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് വേറിട്ട പരീക്ഷണത്തിനൊരുങ്ങിയിരിക്കുന്നത്. നാല് വർഷം ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെയാണ് ഭാഗ്യ പരീക്ഷണത്തിന് ദമ്പതികൾ ഒരുങ്ങിയത്.
ബാധ്യതകൾ വർധിച്ചു വരികയും മകന്റെ പഠന ചെലവിനുള്ള തുക കണ്ടെത്താനാകാതെ വന്നതോടെയുമാണ് മുജി തോമസും ബൈസിയും ഭൂമി വിൽക്കാനുള്ള ശ്രമം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച പോലെ ആരും വന്നില്ല. മകന് തുടർ പഠനത്തിന് വിദേശത്ത് പോവാനുള്ള തീയതിയുമായി. ഇതോടെയാണ് സമ്മാനകൂപ്പണ്‍ വിതരണം ചെയ്ത് നറുക്കെടുപ്പിലൂടെ വിജയിക്ക് 68 സെന്റ് റബര്‍ തോട്ടം നല്കാന് മുജി തോമസും ബൈസിയും തീരുമാനിച്ചത്. വില്ലേജ് അധികൃതരെയും വിവരം ധരിപ്പിച്ചു.
ആഗസ്റ്റ് 15ന് ഇവരുടെ ഉടമസ്ഥതയിലുള്ള നായരങ്ങാടി മരിയ ഗാര്‍മെന്റ്സില്‍വെച്ചാണ് നറുക്കെടുപ്പ്. നറുക്കിലൂടെ ഭൂമി ലഭിക്കുന്നയാള്‍ രജിസ്ട്രേഷന് സംബന്ധമായ ചെലവുകള്‍ വഹിക്കണം. കൂപ്പൺ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വിദേശത്ത് നിന്ന് ഓൺലൈനായി കൂപ്പണെടുത്തവരാണ് ഏറെയും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും കൂപ്പൺ വാങ്ങിക്കുന്നുണ്ട്.
പലർക്കും ഭൂമി ഉണ്ടായിട്ടും വിൽക്കാൻ സാധിക്കുന്നില്ല. അവർക്ക് ഇതൊരു പ്രചോദനമാകും. ഭൂമിയില്ലാത്തവർക്ക് ഭൂമി കിട്ടുകയും ചെയ്യും. വൈറലാകുമെന്ന് കരുതിയില്ലെന്നും ബൈസി പറഞ്ഞു.