Kerala
thrissur medical college doctor bribery case
Kerala

രോഗികളെ സ്വകാര്യ ക്ലിനിക്കിലേക്ക് വിളിപ്പിക്കും, കൈക്കൂലി ചോദിച്ചിരുന്നത് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ വഴി: ഡോ.ഷെറി ഐസകിനെതിരെ നിരവധി പരാതികള്‍

Web Desk
|
12 July 2023 1:53 AM GMT

പണം കൊടുക്കാത്തവരുടെ ശസ്ത്രക്രിയ പല കാരണങ്ങൾ പറഞ്ഞ് അനിശ്ചിതമായി നീട്ടിയെന്നും പരാതി

തൃശൂർ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ ഷെറി ഐസക് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ്. ഇയാൾക്കെതിരെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ 15 ലക്ഷത്തിലധികം രൂപ ഇയാൾ കൈക്കൂലിയിലൂടെ സമ്പാദിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ തന്റെ മുന്നിൽ എത്തുന്നവരുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങാതെ ഡോക്ടർ ഷെറി ഐസക് ചികിത്സ ആരംഭിക്കില്ലെന്നാണ് വിവിധ പരാതികളിൽ നിന്ന് വ്യക്തമാക്കുന്നത്. മെഡിക്കൽ കോളജിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളോട് ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്താൻ ആവശ്യപ്പെടും. ഒരു തവണ ഡോക്ടറെ കാണാൻ 300 രൂപ നൽകണം. മെഡിക്കൽ കോളജിലെ തുടർ ചികിത്സക്ക് കൈക്കൂലി ചോദിക്കുന്നത് അടുത്തുള്ള മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ വഴിയാണ്. ശസ്ത്രക്രിയക്കുള്ള തിയ്യതി ലഭിക്കാൻ കുറഞ്ഞത് 3000 രൂപയാണ് നൽകേണ്ടത്. ഡോക്ടർ പറയുന്ന തിയ്യതിക്കും നേരത്തെയാക്കണമെങ്കിൽ തുക ഇനിയും കൂടും. പണം കൊടുക്കാത്തവരുടെ ശസ്ത്രക്രിയ പല കാരണങ്ങൾ പറഞ്ഞ് അനിശ്ചിതമായി നീട്ടും.

പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഡോക്ടർ ഷെറി ഐസകിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ വിജിലൻസ് കണ്ടെടുത്തത്. ഇത് മുഴുവൻ കൈക്കൂലിയായി സമ്പാദിച്ചതാണെന്നാണ് വിജിലൻസിന്റെ പ്രാഥമിക നി​ഗമനം. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് വിജിലൻസിന്റെ തീരുമാനം.



Similar Posts