പൂരം കലക്കല്‍; പ്രത്യേക സംഘം തൃശൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷിക്കും
|ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും
തിരുവനന്തപുരം: തൃശൂര്‍ പൂരക്കേസിൽ തൃശൂരിൽ ക്യാമ്പ് ചെയ്ത് അന്വേഷിക്കാൻ പ്രത്യേക സംഘം . ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് തീരുമാനം.
പൂരം കലക്കൽ വിവാദത്തിലെ ത്രിതല അന്വേഷണത്തിൽ സഹകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. എന്നാല്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൂഢാലോചനയ്ക്ക് എഫ്ഐആർ ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. ഗൂഢാലോചനയില്ലെന്നും ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതാകാമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പറഞ്ഞു.
അതേസമയം പൂരം കലക്കല്‍ ഗൂഢാലോചന അന്വേഷിക്കാൻ കേസെടുത്തിട്ടുണ്ട്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആണ് എസ്ഐടി യുടെ നിർദേശപ്രകാരം കേസെടുത്തത്. ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. മൂന്നു വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. ഗൂഢാലോചന , മത വിശ്വാസങ്ങളെ അവഹേളിക്കാൻ ബോധപൂർവമായ ശ്രമം, സർക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നീ വകുപ്പുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അവസാനത്തെ വകുപ്പ് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ്.
പൂരം കലക്കലില്‍ നേരത്തെ തന്നെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി. രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.