തൃശൂർ പൂരം കലക്കൽ: റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എഡിജിപി
|അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം ഇതിനോടകം പൂർത്തിയായതായി എഡിജിപിയുടെ ഓഫീസ് അറിയിച്ചു. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെയും പൂരം സംഘാടകരുടെയും മൊഴിയെടുത്തിട്ടുണ്ടെന്നാണ് വിവരം.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടിരുന്നത്. എന്നാൽ പൂരം കഴിഞ്ഞ നാല് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവാദങ്ങൾക്കിടെയാണ് തിരക്കിട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നത്. അതേസമയം ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് ഡിജിപിയുടെ ഓഫീസ് വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയിരുന്നു.
തൃശൂർ പൂരം കലക്കിയതിലെ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനികുമാർ വിമർശനമുന്നയിച്ചിരുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു സുനിൽ കുമാർ ആരോപിച്ചത്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃശൂർ പൂരം കലക്കിയതിനെകുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വവും ആവശ്യപ്പെട്ടിരുന്നു.