തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; കരുവന്നൂർ അടക്കം പല കേസുകളും ഒതുക്കാനുള്ള ശ്രമം: കെ. മുരളീധരൻ
|ജയരാജനെ സി.പി.എം രക്തസാക്ഷിയാക്കിയെന്നും പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും മുരളീധരൻ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവരുടെ അറിവോടെയാണെന്ന് തൃശുർ ലോക്സഭാ മണ്ഡലം മുൻ യു.ഡി.എഫ്. സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ. പൂരം കലക്കൽ ഭരണനേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ പ്രവൃത്തിയാണെന്നും ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചതിന്റെ പൂർണ ഉത്തരവാദി പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ.പി വിജയത്തിന്റെ പാപഭാരം മുഖ്യമന്ത്രിക്കാണ്. കരുവന്നൂർ അടക്കം പല കേസുകളും ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. പൂരം കലക്കിയതിൽ റിട്ട. സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം. മുരളീധരൻ പറഞ്ഞു.
എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ രാജിവെച്ചതിൽ ജയരാജനെ സി.പി.എം രക്തസാക്ഷിയാക്കിയെന്ന് മുരളീധരൻ ആരോപിച്ചു. പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണിതെന്നും ജയരാജനെ പുറത്തുനിർത്തിയാൽ പിണറായിയുടെ രഹസ്യങ്ങൾ പുറത്തുവരുമെന്നും മുരളീധരൻ പറഞ്ഞു.
മുകേഷിനെ സംരക്ഷിക്കുന്നത് വഴി സി.പി.എം എടുത്തത് സ്വയം നശിക്കാനുള്ള തീരുമാണെന്നും മുരളീധരൻ മീഡിയണിനോട് പറഞ്ഞു. ഉയർന്നു വന്ന പൊലീസ് വിവാദത്തിൽ പ്രതികരിച്ച മുരളീധരൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ പിണറായിക്കുവേണ്ടി ഏജൻസിപ്പണി എടുക്കുന്നയാളാണെന്നും ഇപ്പോഴത്തെ ഡി.ജി.പി വെറും നോക്കി കുത്തിയാണെന്നും ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണെന്ന ആരോപണവുമായി പി.വി അൻവർ എം.എൽ.എ രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു കെ. മുരളീധരൻ.