പൂരാവേശത്തിൽ തൃശൂർ; പൂരം പുറപ്പാട് ഇന്ന്,ആകാശവിസ്മയമായി സാമ്പിൾ വെടിക്കെട്ട്
|കഴിഞ്ഞ രണ്ട് കൊല്ലത്തെ ക്ഷീണം തീർക്കാൻ വരാനിരിക്കുന്നത് വൻ ആകാശ വിസ്മയമാകുമെന്ന സൂചന നൽകി കൊണ്ടാണ് സാമ്പിൾ നടന്നത്
തൃശൂര്‍: തൃശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പൂരം പുറപ്പാട് ഇന്ന്. രാവിലെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് ഭഗവതി എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രത്തിലെത്തും. പിന്നീട് തെക്കേഗോപുര നട തള്ളി തുറന്ന് പുറത്തേക്ക് വരും. നിലപാട് തറയിൽ എത്തി പൂരം വരവറിയിക്കും. ഇതോടെ 36 മണിക്കൂർ നീളുന്ന പൂരത്തിന് തുടക്കമാകും.
അതേസമയം ഇന്നലെ രാത്രി നടന്ന സാമ്പിള്‍ വെടിക്കെട്ട് പൂരത്തിന്‍റെ മുഴുവന്‍ ആവേശവും ഉണര്‍ത്തുന്നതായിരുന്നു. രാത്രി 8 മണിക്ക് പാറമേക്കാവ് വിഭാഗവും 8.45ന് തിരുവമ്പാടി വിഭാഗവും ദൃശ്യ വിസ്മയത്തിന് തിരി കൊളുത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന വെടിക്കെട്ട് ഗംഭീരമാകുമെന്ന സൂചന നൽകുന്നതായിരുന്നു സാമ്പിൾ വെടിക്കെട്ട്.
കഴിഞ്ഞ രണ്ട് കൊല്ലത്തെ ക്ഷീണം തീർക്കാൻ വരാനിരിക്കുന്നത് വൻ ആകാശ വിസ്മയമാകുമെന്ന സൂചന നൽകി കൊണ്ടാണ് സാമ്പിൾ നടന്നത്. അമിട്ടുകളും കുഴിമിന്നലും ഡൈനയും എല്ലാം ചേർന്ന് പാറമേക്കാവ് ആദ്യം വരവറിയിച്ചു. 6 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം. വെടിക്കെട്ട് ആസ്വാദകർക്കുള്ള വിഭവങ്ങൾ ഒരുക്കി പിന്നാലെ തിരുവമ്പാടിയുടെ ആകാശ വിസ്മയം.
വെടിക്കെട്ട് കൃത്യമായി കാണാൻ ആളുകൾക്ക് അവസരം ഒരുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. സ്വരാജ് റൗണ്ടിലേക്ക് വരുന്ന വഴികളിൽ നിന്നാണ് ഇത്തവണ ആളുകൾ വെടിക്കെട്ട് കണ്ടത്. ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് ആളുകളെ റൗണ്ടിലേക്ക് കൊണ്ട് വരാൻ PESO ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. 11ാം തിയതിയിലെ വെടിക്കെട്ടിന് കൂടുതൽ സൗകര്യമൊരുക്കാൻ നാളെ ചർച്ച നടക്കും.