'അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ?'; പൂരം കലക്കലിൽ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും മൊഴിയെടുത്ത് അന്വേഷണസംഘം
|പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്
തൃശൂർ: പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും മൊഴിയെടുത്തു. കമ്മിഷണര്‍ക്കെതിരെ മെഡിക്കല്‍ സംഘം മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
മെഡിക്കൽ സംഘത്തോട് മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക് ഫോണിൽ കയർത്തെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. തൃശൂർ പൂരദിനത്തിലെ രാവിലത്തെ ആംബുലൻസിൻ്റെ ഓട്ടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമുണ്ടായത്. ആംബുലൻസ് എം.ജി റോഡിൽ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കൽ സംഘത്തെ ശകാരിച്ചത്. ആംബുലൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലൻസ് നിയന്ത്രിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കൽ സംഘത്തെ ശകാരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്കി.
തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷണസംഘം ചോദിക്കുന്നത്. പൂരം നടത്തിപ്പിലെ ഉദ്യോഗസ്ഥവീഴ്ചയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ നേരത്തെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പൂരം കലക്കൽ ഗൂഢാലോചനയിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. എസ്ഐടിയുടെ നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചത്. ഗൂഢാലോചന, മതവിശ്വാസങ്ങളെ അവഹേളിക്കാൻ ബോധപൂർവമായ ശ്രമം, സർക്കാരിനെതിരെ കലാപത്തിനു ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യൽ എന്നീ വകുപ്പുകൾ രജിസ്റ്റർ ചെയ്തിരുന്നു. പൂരം കലക്കാൻ പ്രതികൾ പരസ്പരം സഹായിച്ചെന്നും എഫ്ഐആറിലുണ്ടായിരുന്നു.
Summary: Investigation team takes the statements of medical team and fire force in the Thrissur Pooram ruckus case