തുവ്വൂർ കൊലപാതകം; തെളിവെടുപ്പിനിടെ സംഘർഷം, പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് നാട്ടുകാർ
|പ്രതികളെ തൂവ്വൂരിലെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
മലപ്പുറം: മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്നു കുഴിച്ചു മൂടിയ കേസിൽ തെളിവെടുപ്പിനിടെ സംഘർഷം. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കേസിലെ പ്രതികളായ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു സുഹൃത്ത് ഷിഹാൻ എന്നിവരെ തൂവ്വൂരിലെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
തുവ്വൂർ കൃഷിഭവനിൽ താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിത(35)യെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണു ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 11നാണ് കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.
വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായാണു വിവരം.