ലാക്‌പോർട്ട് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കുന്നില്ല; ലക്ഷദ്വീപിലേക്കുള്ള ഓൺലൈൻ സംവിധാനം അവതാളത്തിൽ
|ദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റിൻറെ 70 ശതമാനവും ഓൺലൈനായാണ് നൽകി വരുന്നത്
കോഴിക്കോട്: ലക്ഷദ്വീപ് യാത്രാകപ്പലുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനവും അവതാളത്തിൽ. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ലാക്‌പോർട്ട് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് യാത്രക്കാർപറഞ്ഞു. ദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റിൻറെ 70 ശതമാനവും ഓൺലൈനായാണ് നൽകി വരുന്നത്.
കൊച്ചി ലക്ഷദ്വീപ് സർവ്വീസ് നടത്തിയിരുന്ന യാത്രാ കപ്പലുകളുടെ എണ്ണം ഏഴിൽ നിന്ന് രണ്ടായി ചുരുങ്ങിയതോടെ നാട്ടിൽ പോകാനാവാതെ നിരവധി പേരാണ് കൊച്ചിയിൽ കുടുങ്ങിയത്. ഇതിനു പുറമെയാണ് ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനവും താളംതെറ്റിയത്. പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനിരുന്ന പലർക്കും ഓൺലൈൻ വഴി ടിക്കെറ്റെടുക്കാനാവുന്നില്ല. 30 ശതമാനം ടിക്കറ്റ് മാത്രമാണ് നേരിട്ട് ലഭിക്കുക. ഇതാണ് ദ്വീപിലേക്കുള്ള യാത്രാ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നത്.
ദ്വീപിൽ നിന്ന് ചികിത്സക്കായി വൻകരയിലെത്തിയവര്‍ പെരുന്നാളിന് നാട്ടിലെത്താനാവാതെ കൊച്ചിയിൽ വാടകക്ക് കഴിയുകയാണ്. കപ്പലുകൾക്ക് പുറമെയുള്ള ഹൈസ്പീഡ് വെസലുകളിൽ കൂടുതൽ ചരക്കുകൾ കൊണ്ട് പോകാനാവാത്തതും വലിയ പ്രതിസന്ധിയായി. അടിയന്തിരമായി യാത്രാ പ്രശ്‌നം പരിഹരിക്കണെന്നാണ് യാത്രക്കാരുടെ ആവശ്യം.