മണല്‍ മാഫിയാബന്ധം; ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു
|ഇവര്‍ മണൽമാഫിയയുമായി ബന്ധം സ്ഥാപിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും ലൊക്കേഷനുകളും മണൽ മാഫിയക്ക് ചോർത്തി നൽകിയെന്നും കണ്ടെത്തി
തിരുവനന്തപുരം: മണൽമാഫിയയുമായി ബന്ധമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. കണ്ണൂർ ഗ്രേഡിൽ ജോലി ചെയ്യുന്ന രണ്ട് എസ്.ഐമാരെയും അഞ്ച് സി.പി.ഒമാരെയുമാണ് പുറത്താക്കിയത്. പൊലീസിന്റെ നീക്കങ്ങൾ മണൽ മാഫിയക്ക് ഇവർ ചോർത്തി നൽകിയെന്ന് കണ്ടെത്തി.
ഗ്രേഡ് എസ്.ഐമാരായ ജോയ് തോമസ,ഗോഗുലൻ സി എന്നിവരേയും സിവിൽ പൊലീസ് ഓഫീസർമാരായ പി.എ നിസാർ, ഷിബിൻ എം.വൈ, അബ്ദുൾ റഷീദ് ടി.എം, ഷജീർ വി.എ, ഹരികൃഷ്ണൻ ബി എന്നിവരെയുമാണ് പുറത്താക്കിയത്. ഇവര്‍ മണൽമാഫിയയുമായി ബന്ധം സ്ഥാപിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും ലൊക്കേഷനുകളും മണൽ മാഫിയക്ക് ചോർത്തി നൽകിയെന്നും കണ്ടെത്തി.
വളരെ ഗുരുതരമായ അച്ചടക്കലംഘനമായി കണ്ടെത്തിക്കൊണ്ടാണ് ഇവരെ സേനയിൽ നിന്നും പുറത്താക്കിയത്. നേരത്തെ 13 ഉദ്യോഗസ്ഥരെ വിവിധ കാരണങ്ങളാൽ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ഉദ്യോഗസ്ഥരെ കൂടി സർവീസിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.