Kerala
Tiger again in Wayanad Wakeri Mudakolli
Kerala

വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവ

Web Desk
|
24 Jan 2024 8:07 AM GMT

മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്‍റെയും ശ്രീനിഷിന്‍റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു

വയനാട്: വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്‍റെയും ശ്രീനിഷിന്‍റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു. ഒരുമാസത്തിനിടെ മൂന്നുതവണയാണ് ഇതേ ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടാകുന്നത്. WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. നേരത്തെ യുവകർഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടിയ പ്രദേശത്തിന് തൊട്ടടുത്താണ് പന്നി ഫാം.

ഇക്കഴിഞ്ഞ 14 ാം തിയതിയും ഇതേ സ്ഥലത്ത് കടുവ ഇറങ്ങിയിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറു പന്നികളെയാണ് അന്ന് കടുവ കൊന്നത്. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു. മൂടക്കൊല്ലിയിലെ പന്നി ഫാമിൽ രാത്രിയാണ് വീണ്ടും കടുവയെത്തിയത്. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആറ് പന്നികളെയാണ് കാണാതായത്. ഒരെണ്ണത്തിനെ കൂട്ടിൽ ചത്ത നിലയിലും ബാക്കിയുള്ളവയുടെ ജഡാവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലും കണ്ടെത്തി.

ഇതിനും ഒരാഴ്ച മുമ്പ് ഇതേ ഫാമിലെ 20 പന്നികളെ കടുവ കൊന്നിരുന്നു. തുടർന്ന് ഫാമിനടുത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞമാസം കടുവ പ്രജീഷ് എന്ന യുവകർഷകന്‍റെ ജീവനെടുത്ത പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പന്നി ഫാം. ഈ കടുവയെ പിടികൂടിയതിനുശേഷവും പ്രദേശത്ത് കാക്കനാട്ട് വർഗീസിൻ്റെ മൂന്ന് വയസ്സുള്ള ആടിനെയും ഞാറക്കാട്ടിൽ സുരേന്ദ്രന്റ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Similar Posts