വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം
|ഈസ്റ്റ് ചീരാൽ സ്വദേശി രാജഗോപാലിന്റ പശുവിനെ കടുവ ആക്രമിച്ചു
വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ഈസ്റ്റ് ചീരാൽ സ്വദേശി രാജഗോപാലിന്റ പശുവിനെ കടുവ ആക്രമിച്ചു.
രാത്രി 9 മണിയോടെയായിരുന്നു കടുവയുടെ ആക്രമണം. കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ബത്തേരി-ഊട്ടി റോഡ് ഉപരോധിച്ചു.
പ്രദേശത്ത് ഒരുമാസമായി കടുവാ ഭീഷണി നിലനിൽക്കുകയാണ്. ഇതുവരെ കടുവയുടെ ആക്രമണത്തിൽ എട്ട് പശുക്കൾ കൊല്ലപ്പെട്ടു. ഇത്രയുമായിട്ടും കടുവയെ പിടികൂടാനോ കടുവയെ കാട്ടിലേക്ക് തിരിച്ച് വിടാനോ വനംവകുപ്പിന് സാധിച്ചിട്ടില്ല. മയക്കുവെടി വയ്ക്കാൻ ഉത്തരവുണ്ടായിട്ടും ഇതിനും മുതിർന്നില്ലെന്നും പരാതിയുണ്ട്.
രാത്രി പത്തരയോടെയാണ് പഴൂർ ഭാഗത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചത്. നാളെ പത്ത് മണി മുതൽ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നത് വരെ സമരമവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനങ്ങൾ. ഇന്ന് രാവിലെ കൃഷ്ണഗിരി വില്ലേജിലും കടുവയുടെ ആക്രമണമുണ്ടായിരുന്നു. ഇവിടെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.