ഭീതി ഒഴിയുന്നില്ല; മൂന്നാറിൽ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ചു
|കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്
ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ പിടിക്കാൻ കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പത്ത് പശുക്കളെ കടുവ കൊന്ന നെയ്മക്കാട് ഈസ്റ്റ് ഡിവിഷന്റെ ഭാഗമാണ് കടലാർ. കടുവയുടെ ആക്രമണം പതിവായതോടെ ഭീതിയിലാണ് നാട്ടുകാർ.
ഇതിനിടെ നൈമക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് തിരച്ചിൽ നടത്തുന്നതിനിടെയാണ് പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ അതുവഴി പോയ യാത്രക്കാർ പകർത്തിയത്. നൈമക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
കടുവയെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളിൽ മൂന്നു കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു വനം വകുപ്പിന്റെ നടപടി. കൂട്ടില്‍ ഇരയെ ഇട്ട് കടുവയെ കൂട്ടിലാക്കാനുള്ള ശ്രങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടലാർ എസ്റ്റേറ്റിൽ കടുവയുടെ ആക്രമണം ഉണ്ടായത്.