Kerala
tiger

പ്രതീകാത്മക ചിത്രം

Kerala

മാനന്തവാടിയില്‍ കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതം; മൂന്നു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Web Desk
|
13 Jan 2023 1:27 AM GMT

കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ച വനപാലകർ, മുത്തങ്ങയിൽ നിന്ന് കുങ്കിയാനയേയും തെരച്ചിലിനെത്തിച്ചിട്ടുണ്ട്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസി മരിച്ച പശ്ചാത്തലത്തിൽ കടുവക്കായുള്ള തെരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ച വനപാലകർ, മുത്തങ്ങയിൽ നിന്ന് കുങ്കിയാനയേയും തെരച്ചിലിനെത്തിച്ചിട്ടുണ്ട്. നീക്കം പരാജയപ്പെട്ടാൽ മയക്കുവെടി വെച്ച് കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. അതിനിടെ, പ്രദേശത്തെ മൂന്ന് പഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കിൽ യു.ഡി.എഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

കടുവയുടെ ആക്രമണത്തിൽ മരിച്ച വാളാട് പുതുശ്ശേരി സ്വദേശി സാലുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും. അമേരിക്കയിൽ നിന്നുള്ള ബന്ധുക്കൾ കൂടി എത്തിയ ശേഷം നാളെയാകും സംസ്കാര ചടങ്ങുകൾ. ഇന്നലെ രാവിലെ 10 മണിയോടെയാണ് കടുവയുടെ ആക്രമണത്തിൽ 50 വയസുകാരന്‍ മരിച്ചത്. അതിനിടെ, കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ വനപാലകരെ ബന്ധിയാക്കിയത് ഇന്നലെ പ്രദേശത്ത് ഏറെനേരം സംഘർഷത്തിനിടയാക്കിയിരുന്നു.




Similar Posts