വാകേരിയിൽ കോഴി ഫാമിൽ കടുവയെത്തിയതായി സംശയം; പരിശോധന തുടർന്ന് വനംവകുപ്പ്
|പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള കോഴി ഫാമിൽ കടുവയെത്തിയതായാണ് സംശയം
വയനാട്: വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി സംശയം. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള കോഴി ഫാമിൽ കടുവയെത്തിയതായാണ് സംശയം. സമീപത്ത് കാൽപാടുകൾ ഉണ്ടെന്നും, ഇന്നലെ രാത്രി നായ്ക്കൾ കുരച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
ഫാമിലെ ജീവനക്കാരൻ രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ വന്നപ്പോഴാണ് ഷെഡിലെ ഇഷ്ടികകൾ പൊളിഞ്ഞുകിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്. പട്ടിയോ മറ്റേതെങ്കിലും ജീവികളോ കയറിയാൽ ഇങ്ങനെ ഇഷ്ടികകൾ പൊളിയില്ല എന്ന് ഫാം ഉടമ പറയുന്നു. കടുവ കയറിയെന്നാണ് പ്രദേശവാസികളും ആവർത്തിക്കുന്നത്.
പ്രദേശത്ത് കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം വനംവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ വാകേരിയിൽ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി സൂചനയുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി സംഘവും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.