പുതുവത്സരാഘോഷം: ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷ; പാപ്പാഞ്ഞി കത്തിക്കലിൽ തർക്കം തുടരുന്നു
|വെളി ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്.
കൊച്ചി: പുതുവത്സരാഘോഷത്തിന് ഫോർട്ട് കൊച്ചിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഫോർട്ട് കൊച്ചിയിൽ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് നാലു മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
അതിനിടെ, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സംഘാടകർ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ തർക്കം തുടരുകയാണ്. വെളി ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്. ഇന്നലെ സംഘാടകർ ഫോർട്ട് കൊച്ചി സബ് കലക്ടറുമായി ചർച്ച നടത്തിയിരുന്നു.
പൊലീസുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സബ് കലക്ടർ സംഘാടകർക്ക് നൽകിയ ഉറപ്പ്. എന്നാൽ പരേഡ് ഗ്രൗണ്ടിന് പുറമേ മറ്റ് ഇടങ്ങളിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശനം ഉണ്ടാക്കുമെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ പുതുവത്സരാഘോഷത്തിന്റെ തിരക്ക് മുന്നിൽക്കണ്ട് കർശന നിയന്ത്രണങ്ങളാണ് ഫോർട്ട് കൊച്ചിയിൽ പൊലീസ് ഒരുക്കിരിക്കുന്നത്.