"സ്ത്രീ സുരക്ഷയെ കുറിച്ച് കൂടുതൽ പ്രചാരണം നടത്തേണ്ട സമയം"; നടപടികൾ കർശനമാക്കുമെന്ന് മന്ത്രി ആർ ബിന്ദു
|അന്യസംസ്ഥാന തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് അടക്കമുള്ളവ നൽകുന്ന കാര്യങ്ങൾ കർശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ട സമയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡ് അടക്കമുള്ളവ നൽകുന്ന കാര്യങ്ങൾ കർശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ പൊതുപ്രവർത്തകരടക്കം പങ്കെടുത്തിട്ടുണ്ട്. ജില്ലയിലെ മന്ത്രി എത്തിയെന്നാണ് കരുതുന്നത്. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തികൊള്ളണം എന്നില്ല, അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ പ്രതി അസഫാകിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ ജയിലിലേക്ക് മാറ്റും. അൽപസമയം മുമ്പ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ നൽകുമെന്നാണ് വിവരം. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വൈദ്യപരിശോധനകൾക്ക് ശേഷമാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പോക്സോ കോടതിയിലേക്ക് മാറ്റും.